കനിവിന്റെ അഞ്ചുമണിക്കൂറിലെ അത്ഭുതം

By Admin
May 28, 2026

പണമില്ലാത്തതിന്റെ പേരിൽ പാവപ്പെട്ട രോഗികൾ മരിക്കരുത് എന്ന ആപ്തവാക്യവുമായി ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്ന സ്‌നേഹകൂട്ടായ്മയാണ് പ്രത്യാശ. വൃക്ക, കരൾ എന്നിവ ഉൾപ്പെടെയുള്ള അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്തുവാൻ ജീവൻ രക്ഷാസമിതിയെ സഹായിക്കുക എന്നത് പ്രത്യാശയുടെ കാരുണ്യ സ്പർശമാണ്. 2012 - ൽ കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തിൽ നിന്നും ആരംഭിച്ച പുണ്യപ്രവൃത്തി ചങ്ങനാശേരിയിൽ എത്തി നിൽക്കുന്നു. കൂട്ടായ സഹകരണത്തോടുകൂടി ഇതിനോടകം 180 പഞ്ചായത്തുകളിലായി 184 വൃക്ക, കരൾ, ഹൃദ്‌രോഗികൾ രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ സാധിച്ചു. 55 കോടി രൂപ സമാഹരിച്ചു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ സ്വന്തം കൈയ്യിൽ നിന്നും യാത്രച്ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവുകളും കണ്ടെത്തിയാണ് പ്രത്യാശയുടെ പ്രവർത്തകർ പുണ്യപ്രവർത്തികളിൽ പങ്കുചേരുന്നത്. പാവപ്പെട്ട രോഗികളെ രക്ഷിക്കുവാനുള്ള ഈ മഹത്തായ പ്രവർത്തികളിൽ ജാതി- മത - രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ എല്ലാവരും പങ്കുചേരുന്നു. പിരിക്കുന്ന പണം അതാത് പഞ്ചായത്തിലെ ഭാരവാഹികളുടെ പേരിൽ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.