കനിവോടെ കൈകോർക്കുമ്പോൾ
മുപ്പത്തിനാലു വർഷത്തെ പൗരോഹിത്യജീവിതത്തെ ധന്യമാക്കുന്ന പുണ്യപ്രവൃത്തികളിൽ സുപ്രധാനമായ ഒന്നാണ് 'പ്രത്യാശ'. 'പ്രത്യാശ' എന്നും ഇന്നും എനിക്കും ഞങ്ങൾക്കും ഒരു കുടുംബമായിരുന്നു. വിവിധ മതത്തിൽപ്പെട്ടവർ, വ്യത്യസ്ത രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവർ, സാമുദായികമായി പലരെങ്കിലും ഒരു കുടുംബമാണ് പ്രത്യാശ. രക്തബന്ധത്തേക്കാൾ ശക്തമായ ബന്ധം ഞങ്ങളുടെ ഇടയിൽ എങ്ങനെയുണ്ടായി. നിഷ്‌കാമകർമ്മം - ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയുള്ള സേവനം അതാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. 2012 ഡിസംബർ 9-ാം തീയതി മാമ്പുഴക്കരിയിൽ ആരംഭിച്ച വിശുദ്ധ തെണ്ടൽ ഇന്ന് വൻസംരംഭമായി ഒട്ടേറെ നിരാലംബരായവരേയും പാവപ്പെട്ട രോഗികളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സാധിച്ചു. 180 പഞ്ചായത്തുകളിലായി 190 വൃക്ക, കരൾ, ഹൃദ്രോഗികളെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുവാൻ ഈ കൂട്ടായ്മയ്ക്കു സാധിച്ചു. ഒരു പ്രതിഫലവും പറ്റാതെ, യാത്രച്ചിലവുപോലും സ്വന്തം കൈയിൽനിന്നുമെടുത്ത് ഈ പഞ്ചായത്തുകളിലൂടെ എല്ലാം യാത്ര ചെയ്ത് ജനകീയ മുന്നേറ്റത്തിലൂടെയുള്ള ജനകീയ കൂട്ടായ്മയായി അതു മാറി. 5 മണിക്കൂർ മതി ഏതൊരു രോഗിയേയും രക്ഷിക്കുവാൻ. 5 മണിക്കൂറിന്റെ അത്ഭുതം എന്നു വിളിക്കാം. ആ 5 മണിക്കൂറിൽ ഏതു കാലാവസ്ഥയിലായാലും മഴ പെയ്യാത്ത അത്ഭുതം. 5 മണിക്കൂറിൽ ലക്ഷ്യം വയ്ക്കുന്നതിന്റെ 3 ഇരട്ടി കിട്ടുന്ന അത്ഭുതം. ഈ സംരംഭങ്ങളിൽ ഇതിൽ പ്രവർത്തിക്കുവാൻ പ്രത്യാശാ കുടുംബാംഗങ്ങളിലൂടെ ജീവിതത്തിൽ നടക്കുന്ന അത്ഭുതം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. രോഗങ്ങൾ മാറ്റുന്ന, കാര്യങ്ങൾ സാധിക്കുന്ന, മക്കളില്ലാത്തവർക്ക് മക്കളുണ്ടാകുന്ന അനുഭവം, ജോലിയില്ലാത്തവർക്ക് ജോലികിട്ടുന്ന അനുഭവം എല്ലാം വിശദീകരിക്കുവാൻ സാധിക്കാത്ത അത്ഭുതങ്ങളാണ്. ഇതിൽ ഉള്ളവർ എന്റെ ജ്യേഷ്ഠന്മാരും അനുജന്മാരും പെങ്ങന്മാരും ഓരോരുത്തരുമായി മാറിയിട്ട് എത്രയോ നാളുകളായി. ഇത് വലിയ അത്ഭുതമാണ്. നന്ദി ദൈവമേ!