കനിവോടെ സ്നേഹത്തോടെ

By ജോഫിയച്ചൻ
May 28, 2026

റേഡിയോ മീഡിയ വില്ലേജിന്റെ ഭാഗമായി ചാരിറ്റി വേൾഡ് ജന്മമെടുത്തിട്ട് 10 വർഷം പൂർത്തിയായിരിക്കുകയാണ്. പത്താം വർഷികം കനിവോടെ എന്ന പേരിൽ  മീഡിയ വില്ലേജിൽ കാരുണ്യ സംഗമം നടത്തുകയാണ്.

ചാരിറ്റി വേൾഡ് പരത്തിയ കാരുണ്യ പ്രകാശത്തിൽ തങ്ങളുടെ ജീവിതങ്ങളെ പ്രകാശപൂരിതമാക്കിയ അനേകരുണ്ട്.  ജീവിതത്തിന്റെ ഇല്ലായ്മകളിൽ വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ ചാരിറ്റി വേൾഡിനൊപ്പം  ദൈവകരമാകാനുള്ള നിയോഗം ഏറ്റുവാങ്ങിയവരും അനേകരുണ്ട്. നിസ്വാർത്ഥമായ നിറസാന്നിധ്യത്തിന് നന്ദി എന്നല്ലാതെ എന്ത് പറയാൻ.

നമ്മുടെ നാടിന് ചാരിറ്റി വേൾഡ് പ്രദാനം ചെയ്തത് സ്‌നേഹനിധിയായ ഒരു അമ്മയുടെ സാന്നിധ്യമാണ്. ധർമ്മം യാചിച്ചു വീട്ടുപടിക്കൽ വരുന്ന വേദനിക്കുന്നവരെ അമ്മ ആട്ടിപ്പായിക്കാറില്ല. മറിച്ച് മക്കളോടും കൊച്ചുമക്കളോടും പ്രേരിപ്പിച്ചും നിർബന്ധിച്ചും അവർക്കുള്ളത്തിന്റെ പങ്ക് നൽകാൻ ചേർത്തു നിർത്തും. നമ്മുടെ പരിസരങ്ങളിൽ ചിലപ്പോഴൊക്കെ നിർബന്ധമായും മറ്റു ചിലപ്പോൾ പ്രേരണയായും ചാരിറ്റി വേൾഡ് അതുതന്നെയാണ് ചെയ്തത്. ചാരിറ്റി വേൾഡ് എന്ന നന്മമരം ഇനിയും  വളരട്ടെ. ശാഖകൾക്ക് കരുത്തേകാൻ അനേകർ കൂട്ടുകൂടട്ടെ.  വളർന്നു പന്തലിച്ച് തണലായി നിൽക്കുന്ന ചാരിറ്റി വേൾഡ് എന്ന നന്മ മരത്തിൽ ചുവട്ടിൽ അനേകർ തങ്ങളുടെ ജീവിതത്തിന്റെ വേദനകളും സങ്കടങ്ങളും ഇറക്കി വെക്കട്ടെ. അത്  മനുഷ്യരായ നമ്മുടെ ചെറു ആഗ്രഹമോ പ്രാർത്ഥനയോ  എന്നതിലുപരി ദൈവ പദ്ധതിയുടെ അനിവാര്യതയാണ്.