ചാരിറ്റി വേൾഡ് (2025–26) പ്രവർത്തന റിപ്പോർട്ട്
ആമുഖം
മാധ്യമത്തിന്റെ കരുത്ത് മനസ്സിലാക്കിയ ചങ്ങനാശ്ശേരി അതിരൂപത, 2012 ഫെബ്രുവരി 10-ന് 90.8 റേഡിയോ മീഡിയ വില്ലേജ് ഉദ്ഘാടനം ചെയ്തതോടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. റേഡിയോയിലൂടെ ആരംഭിച്ച വിവിധ പദ്ധതികൾക്ക് ജന പങ്കാളിത്തം ലഭിച്ചതോടെ 2014 മേയ് 7-ന് 'ചാരിറ്റി വേൾഡ്' എന്ന സന്നദ്ധ സംഘടനയായി ഇത് രജിസ്റ്റർ ചെയ്തു. അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവും 2024 മുതൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവും ഇതിന് മാർഗ്ഗനിർദ്ദേശം നൽകുന്നു. ചീരംചിറയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം 2025 മാർച്ച് 10 മുതൽ മീഡിയ വില്ലേജിലേക്ക് മാറ്റി സ്ഥാപിച്ചു. ചാരിറ്റി വേൾഡിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2025 ജൂലൈ 13-ന് നടന്ന കാരുണ്യസംഗമത്തിൽ വച്ച് ക്യാൻസർ കെയർ, കാരുണ്യ ഭവൻ, മെഡി കെയർ, ചാവോ ചാരിറ്റി വോളണ്ടിയേഴ്സ്, ചാരിറ്റി മിഷണറീസ്, അന്നദാനം, പാലിയേറ്റീവ് കെയർ, പട്ടിണി രഹിത ഭവനം, സുകൃതം, സൗജന്യ ഡയാലിസിസ് കിറ്റ് തുടങ്ങി 10 പ്രധാന പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി.
1. പാലിയേറ്റീവ് കെയറും ക്യാൻസർ കെയർ പദ്ധതിയും
പാലിയേറ്റീവ് കെയർ പദ്ധതി വഴി നിർദ്ധനരായ 125-ഓളം ഭവനങ്ങളിലെ കിടപ്പുരോഗികൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വീടുകളിലെത്തി പരിചരണവും, ഡയപ്പർ, ബാത്ത് ടിഷ്യു, ഗ്ലൗസ്, വീട്ടുപകരണങ്ങൾ, ഫ്രൂട്ട്സ് തുടങ്ങിയവയും നൽകിവരുന്നു. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ അടങ്ങുന്ന 560 ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ഇടിമണ്ണിക്കൽ ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന ക്യാൻസർ കെയർ പദ്ധതിയിലൂടെ 2025 നവംബറിൽ 10 രോഗികൾക്കായി 1 ലക്ഷം രൂപയും, 2026 ഫെബ്രുവരിയിൽ 15 രോഗികൾക്കായി 1,25,000 രൂപയും സഹായധനമായി വിതരണം ചെയ്തു.
2. സൗജന്യ ഡയാലിസിസ് ചികിത്സയും അന്നദാനവും
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായി ഡോ. ജോർജ് പടനിലം ഡയാലിസിസ് എൻഡോവ്മെന്റും ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലും ചേർന്നാണ് സൗജന്യ ഡയാലിസിസ് ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്. പ്രതിമാസം 100 കൂപ്പണുകൾ നൽകുന്ന ഈ പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 1200 കൂപ്പണുകളിലൂടെ (₹10,20,000) 240-ഓളം രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. കൂടാതെ, കഴിഞ്ഞ 9 വർഷങ്ങളായി തടസ്സമില്ലാതെ തുടരുന്ന അന്നദാന പദ്ധതിയിലൂടെ ദിവസേന ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലും ആയുർവേദ ആശുപത്രിയിലുമായി 300-ലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകിവരുന്നു. മീഡിയ വില്ലേജിലെ പാചകപ്പുരയിൽ തയ്യാറാക്കുന്ന ഭക്ഷണമാണ് ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. ഇതിനുപുറമെ ലോക ഭക്ഷ്യദിനത്തിൽ അനാഥാലയങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുകയും, ക്രിസ്തുമസിനോടനുബന്ധിച്ച് കിടപ്പുരോഗികൾക്ക് പുതപ്പുകളും ഉച്ചഭക്ഷണത്തോടൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും നൽകുകയും ചെയ്തു.
3. പട്ടിണി രഹിത താലൂക്ക്, മെഡി കെയർ, കാരുണ്യ ഭവൻ
ആലഞ്ചേരിൽ മറിയാമ്മ & ഫിലിപ്പോസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പട്ടിണി രഹിത താലൂക്ക് പ്രോജക്റ്റിലൂടെ ചങ്ങനാശ്ശേരി താലൂക്കിലെ പട്ടിണി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപയുടെ ഫുഡ് കിറ്റുകൾ നൽകുന്നുണ്ട്; കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 489 കിറ്റുകൾ വിതരണം ചെയ്തു. പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ മരുന്നെത്തിക്കുന്ന മെഡി കെയർ പദ്ധതി വഴി കഴിഞ്ഞ വർഷം ₹4,64,516 തുകയുടെ മരുന്നുകൾ വിതരണം ചെയ്തു. ഭവനരഹിതർക്ക് വീടുവച്ചു നൽകുന്ന കാരുണ്യ ഭവൻ പദ്ധതിയിലൂടെ 7 പേർക്ക് ഭാഗിക ഭവനനിർമ്മാണ സഹായവും, പായിപ്പാട് ഒരു വീടിന്റെ പൂർണ്ണ നിർമ്മാണവും പൂർത്തിയാക്കി 2025 ഡിസംബർ 26-ന് താക്കോൽദാനം നടത്തി. 2026 മാർച്ച് മാസം ചീരംചിറയിൽ 8 വീടുകൾ നിർമ്മിക്കുന്ന പദ്ധതി ആരംഭിച്ചതുൾപ്പെടെ ആകെ ₹20,32,400 രൂപ ഭവനനിർമ്മാണത്തിനായി വിനിയോഗിച്ചു.
4. സുകൃതം പദ്ധതി
90.8 റേഡിയോ മീഡിയ വില്ലേജിലൂടെ രോഗികളുടെ അപീൽ പ്രക്ഷേപണം ചെയ്ത്, സുമനസ്സുകളിൽ നിന്ന് ധനസഹായം നേരിട്ട് രോഗിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്ന അടിയന്തര ചികിത്സാ സഹായ പദ്ധതിയാണ് 'സുകൃതം'. 2025–26 സാമ്പത്തിക വർഷത്തിൽ ക്യാൻസർ, ഹൃദയശസ്ത്രക്രിയകൾ, വെപ്പുകാൽ വയ്ക്കൽ തുടങ്ങിയ വിവിധ ചികിത്സ ആവശ്യങ്ങൾക്കായി നിർദ്ധനരായ രോഗികൾക്ക് ആകെ ₹8,66,543 സഹായധനമായി നൽകാൻ സാധിച്ചു.
സമാപനം
ജാതിമത ഭേദമന്യേ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ കാരുണ്യമുഖമായി, നിരവധിയാളുകളുടെ സഹകരണത്തോടെ ചാരിറ്റി വേൾഡ് തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.